മുംബൈ: വിലയേറിയ ലോഹമായ വെള്ളിയുടെ വിലയിലുണ്ടായ കുത്തനെയുള്ള വർധനയും അതിനായുള്ള ശക്തമായ നിക്ഷേപ ആവശ്യകതയും ചൂഷണം ചെയ്യാൻ വ്യാജന്മാർ ശ്രമിക്കുന്നതിനാൽ, ഗുണനിലവാരം കുറഞ്ഞ വെള്ളിക്കട്ടികളും നാണയങ്ങളും ഇന്ത്യൻ വിപണിയിൽ വൻതോതിൽ നിറയുന്നു.
വ്യാപകമായ വ്യാജനിർമാണത്തെക്കുറിച്ചും ഗുണനിലവാര മാനദണ്ഡങ്ങളിലെ വീഴ്ചകളെക്കുറിച്ചും വ്യവസായ മേഖലയിലുള്ളവർക്കിടയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ആവശ്യമാണെന്ന് വെള്ളി ശുദ്ധീകരിക്കുന്നവർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗുണനിലവാരവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനായി വെള്ളി ഉത്പന്നങ്ങൾക്ക് ഹാൾമാർക്കിംഗ് നിർബന്ധമാക്കാൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് തയാറാകണമെന്നാണ് ഇവരുടെ ആവശ്യം. കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിനായി വെള്ളി ശുദ്ധീകരണശാലകൾക്ക് നിർബന്ധിത ലൈസൻസിംഗ് ഏർപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.
2025 സെപ്റ്റംബർ മുതൽ വെള്ളിക്ക് ഹാൾമാർക്കിംഗ് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും, വലിയൊരു വിഭാഗം ജുവലറികളും ഇത് പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നുണ്ടെന്നാണ് വ്യവസായ രംഗത്തെ പ്രമുഖർ പറയുന്നത്.
റീട്ടെയിൽ വിപണികളിൽ വിൽക്കപ്പെടുന്ന വെള്ളിക്കട്ടികളുടെയും നാണയങ്ങളുടെയും വലിയൊരു പങ്ക് ശുദ്ധി മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നാണ് പ്രെഷ്യസ് മെറ്റൽസ് റിഫൈനറീസ് ഫോറം പ്രസിഡന്റ് ജയിംസ് ജോസ് അഭിപ്രായപ്പെടുന്നത്.
“വിപണിയിൽ ലഭ്യമാകുന്ന ഭൂരിഭാഗം വെള്ളി ഉൽപന്നങ്ങളിലും നിക്കൽ, കാഡ്മിയം, ഈയം തുടങ്ങിയ നിരോധിത മൂലകങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് ഫീൽഡ് തലത്തിലുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്”. അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വെള്ളി ആഭരണങ്ങളുടെയും കരകൗശല വസ്തുക്കളുടെയും നിർമാണത്തിൽ ജയ്പുർ, ആഗ്ര, സേലം, രാജ്കോട്ട്, കോലാപുർ, കട്ടക്ക് തുടങ്ങിയ പ്രമുഖ വ്യവസായ കേന്ദ്രങ്ങളെ നിലവിലെ ഈ ഗുണനിലവാര പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് വിദഗ്ധർ കരുതുന്നത്.
ഉപഭോഗം കൂടുതൽ; പരിശോധന പരിമിതം
ഇന്ത്യയിലെ വാർഷിക വെള്ളി ഉപഭോഗം 7,000 ടണ്ണോളമാണ്. എന്നാൽ ഇതിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും പരിമിതമാണ്; വെള്ളി പരിശോധിക്കുന്നതിനും ഹാൾമാർക്ക് ചെയ്യുന്നതിനുമായി രാജ്യത്ത് ആകെ 286 കേന്ദ്രങ്ങൾ മാത്രമാണുള്ളത്. പ്രതിവർഷം 800-850 ടണ് മാത്രം കുറഞ്ഞ ഉപഭോഗമുള്ള സ്വർണത്തിന് 1,595 ഹാൾമാർക്കിംഗ് കേന്ദ്രങ്ങളാണ് രാജ്യത്തുള്ളത്.
പരിശോധനാ സൗകര്യങ്ങളിലെ കുറവും നിർമാണത്തിനായി പഴയ വെള്ളി ഉപയോഗിക്കുന്നതും ഒത്തുചേരുന്പോഴാണ് ആഭരണങ്ങളിലും കരകൗശല വസ്തുക്കളിലും ഈയം, കാഡ്മിയം തുടങ്ങിയ സുരക്ഷിതമല്ലാത്ത മൂലകങ്ങൾ കലരാൻ ഇടയാകുന്നതെന്ന് ഈ രംഗത്തുള്ളവർ പറയുന്നത്.
ഇന്ത്യയിൽ വിൽക്കപ്പെടുന്ന വെള്ളിയുടെ 50 ശതമാനത്തിലധികവും പൂജാ സാധനങ്ങൾ, വിളക്കുകൾ, പാത്രങ്ങൾ എന്നിവയുടെ രൂപത്തിലാണ്. ഇത് ഗുണനിലവാര മാനദണ്ഡങ്ങളെക്കുറിച്ചുള്ള ആശങ്കകളുടെ ആഴം വീണ്ടും വർധിപ്പിക്കുന്നു.
ക്ഷേത്രങ്ങളിൽ സമർപ്പിക്കപ്പെടുന്ന വെള്ളി വഴിപാടുകൾ പലപ്പോഴും നിശ്ചിത ഗുണനിലവാരത്തിന് താഴെയാണെന്നും പ്രെഷ്യസ് മെറ്റൽസ് റിഫൈനറീസ് ഫോറം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അംഗീകൃത ശുദ്ധീകരണശാലകളിൽനിന്നുള്ള ഹാൾമാർക്ക് ചെയ്ത വെള്ളി കട്ടകളുടെ ലഭ്യത വർധിപ്പിക്കുന്നത് ഈ പ്രശ്നങ്ങൾ പരിഹരിക്കാനും വിപണിയിലെ വിശ്വാസ്യത ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് ഫോറം നിർദേശിച്ചു.
അതേസമയം, വിതരണത്തിൽ ഏകീകരണം കൊണ്ടുവരുന്നതിനായി എംസിഎക്സ്, ബിഎസ്ഇ, എൻഎസ്ഇ തുടങ്ങിയ കമ്മോഡിറ്റി എക്സ്ചേഞ്ചുകൾ ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയ വെള്ളി കട്ടകൾ തങ്ങളുടെ ട്രേഡിംഗ് പ്ലാറ്റ്ഫോമുകൾ വഴി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
കമ്മോഡിറ്റി എക്സ്ചേഞ്ചുകളിലേക്ക് നിക്ഷേപയോഗ്യമായ വെള്ളിക്കട്ടികൾ വിതരണം ചെയ്യുന്നതിനായി ഇന്ത്യക്ക് ലോകോത്തര നിലവാരമുള്ള വെള്ളി ശുദ്ധീകരണശാലകൾ ആവശ്യമുണ്ടെന്ന് ജയിംസ് ജോസ് പറഞ്ഞു.